മുജീബുല്ല KM
സിജി കരിയർ ഗൈഡ്
ജീവിതയാത്ര തുടരുന്നു... കരിയർ പ്ലാനിങ് എപ്പോഴാകണം?
എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ. മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള ഈ സിനിമ സംഭാഷണം ട്രോളുകളിലൂടെയെങ്കിലും നിങ്ങള്‍ക്ക് പരിചിതമായിരിക്കും. ശരിയാണ്. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. വിതയ്ക്കാന്‍ ഒരു സമയം. കൊയ്യാന്‍ ഒരു സമയം. അങ്ങനെയെങ്കില്‍ കരിയറിനെ കുറിച്ച് ചിന്തിച്ചു തുടങ്ങാനുള്ള സമയം ഏതാണ്?
പത്താം ക്ലാസിലേക്ക് കയറുമ്പോള്‍ പല മാതാപിതാക്കളും കാലാകാലങ്ങളായി കുട്ടികള്‍ക്ക് നല്‍കുന്ന ഒരു ഉപദേശമുണ്ട്. മക്കളേ, ഇതാണ് നിങ്ങളുടെ ജീവിതത്തിന്റെ പടിവാതില്‍. ജീവിതത്തില്‍ നിങ്ങള്‍ എന്തായി തീരണമെന്നത് ഇവിടെ നിങ്ങളെടുക്കുന്ന തീരുമാനം അനുസരിച്ച് ഇരിക്കും. ഒരു പരിധി വരെ അവര്‍ പറയുന്നത് ശരിയാണ്.
പത്താം ക്ലാസിനു ശേഷം ജീവിതത്തിലെ ഒരു വഴിത്തിരിവില്‍ തന്നെയാണ് നിങ്ങള്‍ എത്തി നില്‍ക്കാന്‍ പോകുന്നത്. കാരണം ഇവിടെ നിന്ന് നിങ്ങളുടെ പഠനം മുന്നോട്ട് കൊണ്ട് പോകാന്‍ ഒന്നല്ല, പല വഴികള്‍ നിങ്ങളുടെ മുന്നില്‍ തുറക്കപ്പെടും. സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നിങ്ങനെ പലതും. അതില്‍ ഒരു വഴി നിങ്ങള്‍ തിരഞ്ഞെടുത്തേ മതിയാകൂ. ഈ തിരഞ്ഞെടുപ്പ് പ്രധാനമാണ് താനും. കാരണം ഇതില്‍ ഒരു വഴി നാം തിരഞ്ഞെടുക്കുമ്പോള്‍ അവയിലെ അവസരങ്ങള്‍ നമ്മുടെ മുന്നില്‍ തുറക്കുന്നതിനൊപ്പം തിരഞ്ഞെടുക്കാത്ത വഴിയിലെ സാധ്യതകള്‍ അടയുക കൂടിയാണ് ചെയ്യുക.
അപ്പോ, നമ്മുടെ ചോദ്യത്തിലേക്ക് വരാം. എപ്പോഴാണ് നാം കരിയര്‍ പ്ലാനിങ്ങ് തുടങ്ങേണ്ടത്? പ്രധാന വഴിത്തിരിവ് പത്താം ക്ലാസാണെങ്കിലും പല കരിയര്‍ വിദഗ്ധരുടെയും അഭിപ്രായത്തില്‍ ഹൈസ്‌കൂള്‍ പഠനം ആരംഭിക്കുന്ന എട്ടാം ക്ലാസില്‍ വച്ചു വേണം നാം കരിയറിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങാന്‍. ചെറിയ ക്ലാസുകളില്‍ വച്ച് തന്നെ കരിയറിനെ കുറിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് നിങ്ങളുടെ ജീവിതത്തിന് ലക്ഷ്യബോധമുണ്ടാക്കാന്‍ സഹായിക്കും.
ശരി. സമയവും മുഹൂര്‍ത്തവും ഒക്കെ കുറിച്ചു. ഇനി എങ്ങനെയാണ് കരിയറിനെ കുറിച്ച് ചിന്തിക്കേണ്ടത് എന്നറിയേണ്ടേ. കരിയര്‍ പ്ലാനിങ്ങിന് ചില ഘട്ടങ്ങളുണ്ട്. അതില്‍ ആദ്യത്തെ ഘട്ടം അവനവനെ കുറിച്ചുള്ള സ്വയം വിലയിരുത്തലാണ്.
8-10 കൊല്ലം നീണ്ട സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെയും അക്കാദമികേതര താത്പര്യങ്ങളുടെയുമെല്ലാം വെളിച്ചത്തില്‍ സ്വന്തം ശക്തി-ദൗര്‍ബല്യങ്ങളും കഴിവുകളും വിലയിരുത്തി നോക്കുക. എന്തൊക്കെ കാര്യങ്ങളാണ് നിങ്ങള്‍ ശരിക്കും ഇഷ്ടത്തോടെ ചെയ്യുന്നത്? വ്യക്തിത്വത്തിലെ പ്രത്യേകതകള്‍ എന്തൊക്കെയാണ്? ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ ഊര്‍ജ്ജം കണ്ടെത്തുന്ന ബഹിര്‍മുഖ വ്യക്തിയാണോ അതോ സ്വയം ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്ന അന്തര്‍മുഖനാണോ?
ഇത്തരം കാര്യങ്ങളെല്ലാം സത്യസന്ധമായി വിലയിരുത്തുക. ഇതിന് മാതാപിതാക്കളുടെയും നിങ്ങളുടെ അദ്ധ്യാപകരുടെയുമൊക്കെ സഹായം തേടാം. ഒരു കരിയര്‍ കൗണ്‍സിലറുമായി ബന്ധപ്പെടുന്നതിലും തെറ്റില്ല. കരിയര്‍ അഭിരുചികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന നിരവധി വെബ്‌സൈറ്റുകളും ലഭ്യമാണ്. (സിജി നടത്തുന്ന CDAT, കരിയര്‍ കീ, മൈ നെക്സ്റ്റ് മൂവ്, മയേഴ്‌സ് ബ്രിഗ്‌സ് ഫൗണ്ടേഷന്‍, കരിയര്‍ പ്ലാനര്‍, എംഎപിപി കരിയര്‍ അസസ്‌മെന്റ്, കേരള ഹയർ സെക്കൻ്ററി KDAT, മൈസ്കിൽ ഓഡിറ്റ് തുടങ്ങിയവ)
കഴിവുകളുടെയും താത്പര്യങ്ങളുടെയുമൊക്കെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ചേരുന്ന ഒരു കരിയര്‍ പട്ടിക തയ്യാറാക്കുകയാണ് അടുത്ത പടി. ജിയോഗ്രഫി പഠിച്ച ഒരാള്‍ക്ക് കാര്‍ട്ടോഗ്രാഫറോ, സര്‍വേയറോ, പരിസ്ഥിതി കണ്‍സല്‍ട്ടന്റോ, ടൗണ്‍ പ്ലാനറോ, ഗവേഷകനോ, അധ്യാപകനോ ഒക്കെയാകാം. സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് മാത്‌സ്, ഡേറ്റാ അനാലിസിസ്, ഇന്‍വസ്റ്റ്‌മെന്റ് അനാലിസിസ്, ഓപ്പറേഷന്‍ റിസേര്‍ച്ച് അനാലിസിസ്, ഫിനാന്‍ഷ്യല്‍ അനാലിസിസ് എന്നിങ്ങനെ അസംഖ്യം സാധ്യതകളിലേക്കാണ് ഗണിതശാസ്ത്രം വാതില്‍ തുറക്കുന്നത്. ഇങ്ങനെ ഏത് വിഷയം എടുത്താലും തൊഴില്‍ സാധ്യതകള്‍ നിരവധിയാണ്.
ഇതില്‍ നമ്മുടെ താത്പര്യത്തിനിണങ്ങുന്ന ഒന്നിലധികം മേഖലകള്‍ കണ്ടെത്തണം. അതുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ എവിടെ ലഭ്യമാകു, അവ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ നിലവാരം, ഫീസ്, പ്രവേശനരീതി എന്നിവയെ കുറിച്ചെല്ലം ഗവേഷണം നടത്തുകയാണ് അടുത്ത പടി.
ഈ ഘട്ടത്തില്‍ നിങ്ങള്‍ കണ്ടെത്തുന്ന മേഖല അല്‍പം കൂടി വളരുമ്പോള്‍ മാറിയെന്നിരിക്കാം. അഭിരുചികളിലും ഈ പ്രായത്തില്‍ മാറ്റം പ്രതീക്ഷിക്കാം. അതു കൊണ്ടാണ് ഇഷ്ടമുള്ള ഒന്നിലധികം മേഖലകള്‍ ചുരുക്കപ്പട്ടികയില്‍ പെടുത്തി ഗവേഷണം നടത്തണം എന്ന് പറയുന്നത്.
കണ്ടെത്തിയ കരിയര്‍ മേഖലയ്ക്ക് അനുഗുണമായ ശേഷികള്‍ വികസിപ്പിക്കുകയാണ് അടുത്ത പടി. പത്രപ്രവര്‍ത്തന മേഖലയിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന കുട്ടി സ്‌കൂള്‍കാലഘട്ടത്തില്‍ കുറഞ്ഞത് വീട്ടില്‍ വരുന്ന പത്രമെങ്കിലും മുടങ്ങാതെ വായിക്കണമല്ലോ. തിരഞ്ഞെടുത്ത വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളൊക്കെ സംഘടിപ്പിച്ച് വായിച്ച് തുടങ്ങാനുള്ള സമയവും ഇതാണ്. ഈ വിഷയം സംബന്ധിച്ച് കൂടുതല്‍ അറിയാവുന്ന നിങ്ങളുടെ അധ്യാപകരുമായി ഇതിനെ പറ്റി ചര്‍ച്ച നടത്താം.
ഈ ജോലി ചെയ്യുന്ന വ്യക്തികളെ പരിചയമുണ്ടെങ്കില്‍ അവരുമായി സംസാരിക്കാന്‍ ശ്രമിക്കണം. കരിയര്‍ മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യുന്നതിന് അവര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സഹായിക്കും. ബന്ധപ്പെട്ട മേഖലയില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങളുണ്ടെങ്കില്‍ അതിനായി ശ്രമിക്കുന്നതും നന്നായിരിക്കും. ഒരു പ്രത്യേക ജോലിയുടെ സ്വഭാവത്തെ പറ്റി ഉള്‍ക്കാഴ്ച ലഭിക്കുന്നതിന് ഇവ സഹായിക്കും.
ഇത്തരത്തില്‍ ആസൂത്രണത്തോടെ മുന്നോട്ട് പോകാന്‍ കഴിയണം. അങ്ങനെയെങ്കില്‍ നിങ്ങളുടെ സ്വപ്ന കരിയര്‍ കൈയ്യെത്തി പിടിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി പത്താം ക്ലാസ് ഒക്കെ ആകുമ്പോഴേക്കും തയ്യാറായിരിക്കും.
ഇത്തരത്തില്‍ ഹൈസ്‌കൂള്‍ കാലഘട്ടം മുതലേ കരിയര്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മുന്‍തൂക്കം ലഭിക്കും. മറ്റുള്ളവര്‍ കാര്യങ്ങള്‍ ഒക്കെ അറിഞ്ഞ് വരുമ്പോഴേക്കും വിലപ്പെട്ട സമയം നഷ്ടപ്പെട്ടിട്ടുണ്ടാകാം.
ഇനി ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ ഇതിനെ കുറിച്ച് ആലോചിക്കാന്‍ പറ്റിയില്ലല്ലോ എന്ന് കരുതി നിരാശപ്പെടേണ്ട. അല്‍പം വൈകി ചിന്തിക്കാന്‍ തുടങ്ങിയാലും കഠിനാധ്വാനം കൊണ്ട് നിങ്ങള്‍ക്ക് വലിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ സാധിക്കും. ചെറുപ്പത്തില്‍ പഠനത്തിലൊക്കെ ഉഴപ്പി നടന്നിട്ടും പില്‍ക്കാലത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തികളുടെ ഉദാഹരണങ്ങള്‍ നിരവധി നമുക്ക് മുന്നിലുണ്ട്. എപ്പോഴും വലിയ സ്വപ്നങ്ങള്‍ കാണുക. അത് കൈവരിക്കാനുള്ള പ്രായോഗിക നടപടികള്‍ ചിന്തിക്കുക. വിജയം നിങ്ങളുടേത് ആയിരിക്കും.
Tags:
CAREER